Thursday, 30 June 2011

ലൈവ് ഫ്രം ചന്ത

ചലോ ബാക്ക്.. ഈ സംഭവം നടക്കുന്നത് .....ഉം ...(എന്നാണെന്ന് മറന്ന് പോയി.. അമ്മച്ചിയാണേ സത്യം ... സ്വാറി ഫോര്‍ ദാറ്റ്‌) എന്തായാലും നോം ബാംഗ്ലൂരില്‍ നിന്നും അവധിക്ക് നാട്ടില്‍ വന്നപ്പോളാണ്.. (ഹേ ബാംഗ്ലൂരില്‍ ചുമ്മാ പഠിക്കാന്‍ ആണെന്ന് പറഞ്ഞ് പോയതാ..) ഈ പുറത്ത് നിന്നും ആരു തിരിച്ചു നാട്ടില്‍ വന്നാലും നാട്ടുകാര്‍ പറയും  " അയ്യോ.. നീ അങ്ങ് മെലിഞ്ഞു പോയല്ലോടാ മോനെ.." എന്‍റെ നാട്ടുകാരും ഏപ്പോഴും ഇത് തന്നെ പറഞ്ഞു കൊണ്ടിരുന്നു..  കേള്‍ക്കുമ്പോള്‍ ദേഷ്യം വരുമെങ്കിലും ഇത് കൊണ്ട് ഒരു ഗുണമുണ്ട്..അതായത് നമുക്ക് എവിടെ ചെന്നാലും നല്ല ഫുഡ്‌ ഇഷ്ടം പോലെ സാപ്പിടാം...! അത് കൊണ്ട് വീട്ടിലും നമുക്ക് നല്ല വരവേല്‍പ്പ് ആണ്. ഈ സിനിമേല്‍ കാണുന്നത് പോലെ 'ചിക്കന്‍ വേണോ, മട്ടണ്‍ വേണോ' എന്ന സ്റ്റൈല്‍ വരവേല്‍പ്പ്...! 

ദങ്ങനെ നോം ആ അവധിക്ക് ചിക്കന്‍, താറാവ്, മട്ടണ്‍, ബീഫ് എന്നീ വരവേല്‍പ്പ് സ്പെഷ്യല്‍ സാപ്പിട്ട് ബോര്‍ ആയപ്പോള്‍ നോം മോംസിനോട് പറഞ്ഞു, " മോംസ്, എനിക്ക് ആ സ്പെഷ്യല്‍ വാളമീന്‍ കഴിക്കാന്‍ ഒരു ആഗ്രഹം.. ( ഈ വാളമീന്‍റെ തൊലി  ഉപയോഗിച്ച് മോംസ് ഒരു സ്പെഷ്യല്‍ ഡിഷ്‌ ഉണ്ടാക്കാറുണ്ട്..എന്‍റെ മെയിന്‍ എയിം അത് എങ്ങനെയെങ്കിലും സാപ്പിടുക എന്നതാണ്. അത് മോംസിനും അറിയാം.)
ഈ ദുരുദ്ദേശം മനസിലായത് കൊണ്ട് മോംസ് പറഞ്ഞു, "ഞമ്മക്ക് എന്നാല്‍ മാര്‍ക്കെറ്റിലേക്ക് ഒന്നിച്ചു പോകാം, മകനേ.."

മാര്‍ക്കെറ്റിലേക്ക് പോകുന്ന കാര്യം ഓര്‍ത്തപ്പോള്‍ തന്നെ ജന്മനാ ഉള്ള മടി പോകാന്‍ പെര്‍മിഷന്‍ തന്നില്ല. ഷര്‍ട്ട്‌ ഇല്ല, പാന്‍റ് തേച്ചില്ല എന്നൊക്കെ പറഞ്ഞ് നോക്കിയങ്കിലും അതൊന്നും ഏറ്റില്ല.. പിന്നെ ആവശ്യം എന്‍റെയാണല്ലോ.. അതൊകൊണ്ട് നോം തീരെ അലക്കാത്ത ഒരു ജീന്‍സും, എവിടെയോ കിടന്ന ഷര്‍ട്ടും സംഘടിപ്പിച്ച്, ഒരു വിധത്തില്‍ ഇറങ്ങി.. പിന്നെ ബാലന്‍സ് ഇല്ലാത്ത ആ ശിലായുഗ കാലത്തിലെ മൊബൈലും എടുത്തു. (ഒരു വഴിക്ക് പോകുവാണല്ലോ, വല്ല പെണ്‍പിള്ളേരും കണ്ടാല്‍ - കയ്യില്‍ ഒരു മൊബൈല്‍ എങ്കിലും ഇല്ലെങ്കില്‍ - എന്ന ചിന്ത എന്‍റെ മനസിനെ വേട്ടയാടി..)

അങ്ങനെ നോം മാര്‍ക്കെറ്റില്‍ എത്തി. ( ഇനി ലൈവ് സംപ്രേഷണം)
മീന്‍കാരി ചേച്ചിയുടെ അടുത്ത് ഞാനും മോംസ് ചെന്ന് മീന്‍ വാങ്ങുന്നു..

മീന്‍സ് : " ചേച്ചി നില്‍ക്ക്, ഞാന്‍ ഇപ്പോം തന്നെ ഈ വാളയുടെ തൊലി ഉരിച്ചു കളഞ്ഞിട്ടു ഇത് പായ്ക്ക് ചെയ്യാം.." 
( എന്‍റെ പൊന്നെ, ആ തൊലി കിട്ടിയിട്ട് വേണം ഇന്ന് എനിക്ക് സ്പെഷ്യല്‍ വാള ഡിഷ്‌ കഴിക്കാന്‍..! അത് ഈ മീന്‍സ് ഉണ്ടോ അറിയുന്നു...? )

എന്‍റെ ഈ അവസ്ഥ മനസ്സിലാക്കി മോംസ് പെട്ടെന്ന് മീന്‍സിനോട് പറഞ്ഞ്,  " ഏയ്‌ അത് സാരമില്ല, അത് ഞാന്‍ വീട്ടില്‍ എത്തിയിട്ട് കളഞ്ഞോളാം, ഞങ്ങള്‍ക്ക് വേഗം  പോണം. "

മീന്‍സ്: "ഏയ്‌, ഇതിപ്പോള്‍ തന്നെ ഞാന്‍ റെഡി ആക്കി തരാം. ഒരഞ്ചു മിനിറ്റ് വെയിറ്റ് ചെയ്‌താല്‍ മതി."

ഈ തള്ള, - സ്വാറി - മീന്‍സ് അത് കളഞ്ഞേ അടങ്ങു എന്ന വാശിയിലാണെന്നു തോന്നുന്നു.. എങ്ങനെയോ ഞാന്‍ മോംസിനെ സിഗ്നല്‍ കാണിച്ച് ആ മീന്‍കാരിയുടെ കറുത്ത കൈകളില്‍ നിന്നും എന്‍റെ വാളയുടെ തൊലി രക്ഷിക്കാന്‍ ഞാന്‍ മോംസിനോട് പറഞ്ഞു..

പിന്നെ മോംസ് ഒന്നും നോക്കിയില്ല, ഒരു ഡയലോഗ് അങ്ങട് കാച്ചി. അതില്‍ മീന്‍കാരി മാത്രമല്ല ഈ നോം വരെ വീണു പോയി..
മോംസ് പറഞ്ഞത് ഇങ്ങനെയാണ്. "അതേയ്, ഞങ്ങളുടെ വീട്ടില്‍ ഒരു പട്ടിയുണ്ട്.. അതിന് ഇത് ഭയങ്കര ഇഷ്ടമാണ്. ഇത് കൊടുത്താല്‍ പിന്നെ അതിന് വേറെ ഒന്നും വേണ്ട...!"

ഇത് കേട്ട് നോം നല്ല രീതിയില്‍ വാ പൊളിച്ച് നിന്ന് പോയി. ( മോംസ് സ്വന്തം മകനെ ഒരു പട്ടിയോട് ഉപമിക്കുമെന്ന് നോം ഒരിക്കലും ചിന്തിച്ചില്ല)

മീന്‍സ്: ശരിയാ ചേച്ചി, ചില പട്ടികള്‍ക്ക് ഇത് കൊടുത്താല്‍ പിന്നെ വേറെ ഒന്നും വേണ്ട...!" ( അത് ചിലപ്പോള്‍ അവര്‍ അവരുടെ ഭര്‍ത്താവിനെ ആയിരിക്കും ഉദ്ദേശിച്ചത്...! പാവം മനുഷ്യന്‍..)
ഏതായാലും മോംസ് ആ ഡയലോഗ് അടിച്ചത് കൊണ്ട് നമ്മുടെ വാളയുടെ തൊലി സേവ് ആയി..

തിരിച്ച് വീട്ടിലെത്തിയിട്ട്‌ പിന്നെ നോം ഒന്നും പറഞ്ഞില്ല..( പട്ടി ചന്തക്ക് പോയത് പോലെ എന്ന് കേട്ടിട്ടുണ്ടല്ലോ, ഇത് ഏതാണ്ട് അതിനെ അടുത്ത് വരെ എത്തി എന്ന് തന്നെ പറയാം.)

പിന്നെ ഊണിന് നമ്മുടെ സ്പെഷ്യല്‍ ഡിഷ്‌ എത്തിയപ്പോള്‍ നോമിന്‍റെ സങ്കടം എല്ലാം പമ്പ കടന്നു. അത് ഞാന്‍ നല്ല രുചിയോട് സാപ്പിട്ട് തുടങ്ങിയപ്പോള്‍ നമ്മുടെ ഒറിജിനല്‍ പട്ടി - ബ്ലാക്കി, കൂട്ടില്‍ കിടന്നു കുരക്കാന്‍ തുടങ്ങി. കുര അല്ല, അത് നല്ല ചീത്ത വിളിയാണെന്ന് എനിക്ക് നല്ല ബോധ്യം വന്നു. അവന്‍ കുരച്ചു കൊണ്ട് പറഞ്ഞത് ഇങ്ങനെ ആയിരുന്നിരിക്കണം.
" എടാ കോപ്പേ, എനിക്ക് കിട്ടേണ്ട ഫുഡ്‌ ആണല്ലോടാ  നീ അടിച്ച മാറ്റിയത്..അതും എന്‍റെ പേരില്‍ വാങ്ങിയിട്ട്...! നിന്‍റെ പേരില്‍ ഞാന്‍ പട്ടികളുടെ കണ്‍സ്യൂമര്‍  കോര്‍ട്ടില്‍ കേസ് കൊടുക്കുമെടാ....:D

( ചന്ത ലൈവ് സംപ്രേഷണം അവസാനിക്കുന്നു. ഇനി കമെന്‍റ് പോസ്റ്റ്‌ ചെയ്യുകയല്ലേ നല്ലത്..?)  :D  :D

Sunday, 3 April 2011

ആലൂചാട്ട്



ഡോണ്ട് വറി, പേടിക്കണ്ട. ഈ ആലൂചാട്ട് എന്ന് പറഞ്ഞാല്‍ ആലില്‍ നിന്നും ചാടുക എന്നല്ല അര്‍ഥം. ഇത് ഹിന്ദി..! ഹിന്ദി മേം ആലൂചാട്ട് ബോലാ തോ മതല്ബ്, മലയാളത്തില്‍ വെറും ഉരുളക്കിഴങ്ങ് മസാല...!

ഇനി നമുക്ക് കാര്യത്തിലേക്ക് മൂവ് ചെയ്യാം. സംഭവം നടക്കുന്നത് നോം ബാംഗ്ലൂര്‍ ഗാര്‍ഡന്‍ സിറ്റി കോളേജില്‍ പഠിക്കുന്ന ട്ടയിമിലാണ്.. (പഠിക്കുകയാണെന്ന് പറയാം, അല്ലെ...? അല്ലെങ്കില്‍ വായിക്കുന്നവര്‍ എന്ത് വിചാരിക്കും...? )

കോളേജില്‍ ഏറ്റവും കുറച്ചു പഠിച്ചു പാസാകുന്ന അവാര്‍ഡ്‌ വാങ്ങാന്‍ എല്ലാവരും കിണഞ്ഞു പരിശ്രമിച്ചു കൊണ്ടിരുന്നു. അവരുടെ പ്രധാന ലീഡര്‍ നോം ആയിരുന്നു. കോളേജില്‍ എങ്ങോട്ട് തിരിഞ്ഞു വായിനോക്കിയാലും ഫ്രീ പാരപണി കിട്ടുന്ന ഹോട്ടല്‍ മാനെജുമെന്റ്റ് ആണ് നോം പഠിച്ചത് (സോറി, കുറച്ചു പഠിക്കാന്‍ ശ്രമിച്ചത്).
അതുകൊണ്ട് തന്നെ ഞങ്ങള്‍ക്ക് എല്ലാ കൊല്ലവും ഫുഡ്‌ പ്രൊഡക്ഷന്‍ അഥവാ  പാചകത്തിന്‍റെ പ്രാക്ടിക്കല്‍ ഉണ്ടായിരുന്നു.

പുകഴ്ത്തിപ്പറയുകയാനെന്നു  വിചാരിക്കരുത്, എന്‍റെ പാചകത്തിന്‍റെ കൈപുണ്യം രുചിച്ചറിഞ്ഞ എല്ലാവരും പിന്നെ എന്നെ കണ്ട് കുരിശു വരച്ചിട്ടുണ്ട്. ഞാനുണ്ടാക്കിയ ഫുഡ് കഴിച്ച് രണ്ട് മണിക്കൂര്‍ കൊണ്ട് മൂന്നു ലോകം കറങ്ങിയവരും, ബക്കറ്റും വെള്ളവും തപ്പി ഓടിയവരും, നേരെ ഹോസ്പത്രിയില്‍ പോയവരും ഇക്കൂട്ടതിലുണ്ട്. ശത്രുക്കളോടു പോലും ഇങ്ങനെ ചെയ്യരുത് എന്ന് പലരും എന്നെ ഉപദേശിച്ചു. നോം അതെല്ലാം നന്നായി മനസ്സിലാക്കി വീണ്ടും പാചക പരീക്ഷണങ്ങള്‍  തുടര്‍ന്നു. അങ്ങനെ പ്രാക്ടിക്കല്‍ പരീക്ഷയുടെ ദിനം വന്നെത്തി.

ആയിരത്തിതൊള്ളായിരത്തി രണ്ടായിരത്തി ഏഴിലായിരുന്നു എന്‍റെ ആ പുതിയ പാചക പരീക്ഷണം അരങ്ങേറിയത്. അങ്ങനെ ആ പ്രാക്ടിക്കല്‍ തുടങ്ങി. എല്ലാവര്‍ക്കും വളരെ വ്യതസ്തമായ ഡിഷുകളാണ് കിട്ടിയത്.
എനിക്ക് കിട്ടിയതില്‍ ആലൂചാട്ടും ഉണ്ടായിരുന്നു.

ചക്കയെതാ, മാങ്ങായെതാ എന്നറിയാതെ നോം എങ്ങനെയോ എന്തെല്ലാമോ ഗ്യാസ് അടുപ്പില്‍ വച്ച് കരിച്ചു നാശമാക്കി ഉണ്ടാക്കി എടുത്തു. എന്‍റെ ഈ ഔട്ട്പുട്ട് കണ്ട കൂട്ടുകാര്‍ ഇത് ടേസ്റ്റ് ചെയ്യുന്ന എക്സ്റ്റെണല്‍ എക്സാമിനറുടെ ദുരവസ്ഥ ഓര്‍ത്തു അയാള്‍ക്ക്‌ വേണ്ടി മുട്ടിപ്പായി പ്രാര്‍ത്ഥിച്ചു...

അങ്ങനെ സമയം ഒരു ഉച്ച, ഉച്ചര ആയപ്പോള്‍ നമ്മുടെ 'ദുരവസ്ഥ' എല്ലാവരുടെയും 'പരീക്ഷണങ്ങള്‍' ടേസ്റ്റ് ചെയ്യാന്‍ തുടങ്ങി. അതോടൊപ്പം ചെറിയ ചോദ്യങ്ങളും 'വൈവാ' എന്ന ഓമനപ്പേരില്‍ അദ്ദേഹം ചോദിച്ചു തുടങ്ങി. അങ്ങനെ 'ദുരവസ്ഥ' നന്നായി ഫുഡ് കഴിച്ച്, സുഖിച്ചു, എന്‍റെ അടുത്തെത്തി.

ദുരവസ്ഥ: "വാട്സ് യുവര്‍ നെയിം"..?

നോം:  "ജീതു എബി".

ദുരവസ്ഥ:  "മലയാളി"..?

നോം: "അതെ സാര്‍... സാറോ"..?

ദുരവസ്ഥ: (കണ്ണുരുട്ടികൊണ്ട്) "പിന്നെ ശ്രീലങ്കന്‍ മലയാളം സംസാരിക്കുമോടോ"...?

നോം: (മനസ്സില്‍) "സത്യം. വിക്രം, പ്ലീസ് നോട്ട് ദി പോയിന്റ്‌".

ദുരവസ്ഥ: "ഇതെന്താടോ കാട്ടിക്കൂട്ടിയിരിക്കുന്നത്"...? ( നമ്മുടെ ആലൂചാട്ട് കണ്ടിട്ടാണ്)

നോം: "സര്‍, ദിസ്‌ ഈസ്‌ ആലൂചാട്ട്"..!

മുന്‍ജന്മ പാപം  ഉണ്ടായതുകൊണ്ട്  'ദുരവസ്ഥ' ഫുഡ് ടേസ്റ്റ് ചെയ്ത് നോക്കി.. ഓരോന്നായി.. (അദ്ദേഹത്തിന്‍റെ മുഖത്ത് ഈ ക്രിസ്മസ് ട്രീയിലെ കളര്‍ ബള്‍ബുകള്‍ മാറി, മാറി കത്തുന്നത് പോലെ പല നിറങ്ങള്‍ വരുന്നതായി എനിക്ക് തോന്നി....ഛെ.. ചിലപ്പോള്‍ തോന്നുന്നതാവും..)

രണ്ട് ഡിഷുകള്‍ ടേസ്റ്റ് ചെയ്തിട്ട്,  കര്‍ത്താവ് ക്രൂശില്‍ കിടന്നപ്പോള്‍ വെള്ളം ചോദിച്ച  പോലെ എന്നോട് 'ദുരവസ്ഥ' വേഗം കുറച്ചു വെള്ളം ചോദിച്ചു..

ഇതെല്ലം കണ്ട് ബാക്കി എന്‍റെ കൂട്ടുകാരായ മറ്റു കശ്മലന്മാര്‍ അവിടെ  മാറി നിന്ന് ഇളിക്കാന്‍ തുടങി..

ദുരവസ്ഥ: " മൈ ഗോഡ്, ഞാന്‍ പലതും തിന്നിട്ടുണ്ട്, പക്ഷെ ഇതുപോലെ 'ഹോറിബിള്‍' ഇത് ആദ്യമായിട്ടാണ്. ഇത് കഴിച്ചാല്‍ ഞാന്‍ ഉറപ്പായിട്ടും ഹോസ്പത്രിയില്‍ അഡ്മിറ്റ്‌ ആവും. ഐ ഡോണ്ട് വാണ്ട്‌  ടു ടേക്ക് എനി റിസ്ക്‌". (ദീര്‍ഘനിശ്വാസം)
"പിന്നെ തന്‍റെ ആലൂചാട്ട്.. അത് ഇങ്ങനെ ഒന്നുമല്ലടോ. ഇത് താന്‍ എന്ത് കോപ്പാ ഉണ്ടാക്കിയത്. ഹോ"..

നോം: "അത് പിന്നെ.. സാര്‍ ഞാന്‍.. ഒരു അബദ്ധം പറ്റിയതാ"..(എന്‍റെ ശബ്ദം  വിക്കിയോ എന്ന് സംശയം).

ദുരവസ്ഥ: "ഒരു കോപ്പും അറിയത്തുമില്ല. എന്നിട്ട് എന്തോ ഉണ്ടാക്കി വച്ചിരിക്കുന്നു. അതാരും ദയവ് ചെയ്ത് കഴിക്കരുതേ".. ( അത് എല്ലാവര്‍ക്കും ഒരു വാണിംഗ് ആയിരുന്നു. അതോടു കൂടി എന്‍റെ ഇമേജ് അവിടെ  തകര്‍ന്നു ടൈട്ടാനിക്കായി).

ഇതെല്ലാം കേട്ട് എന്‍റെ സിക്സ്ത്‌ സെന്‍സ് വരെ തളര്‍ന്നു പോയി.. അഞ്ചു മിനിറ്റു ഞാന്‍ പ്രതിമയെപ്പോലെ നില്‍ക്കുന്നത് കണ്ടിട്ടാവാം, 'ദുരവസ്ഥ' എന്നോട് പറഞ്ഞു "താന്‍ അതെല്ലാം ക്ലീന്‍ ചെയ്തിട്ട് പൊയ്ക്കോ. ഞാന്‍ തന്നെ എങ്ങനെയെങ്കിലും ജയിപ്പിചോളാം".

നോം: "താങ്ക്യൂ സര്‍"... (ഹാവൂ.., ആശ്വാസമായി).

അങ്ങനെ ഞാന്‍ എല്ലാം ക്ലീന്‍ ചെയ്യാന്‍ തുടങ്ങി. അത് കഴിഞ്ഞപ്പോള്‍ ഒരു ചെറിയ പാത്രത്തില്‍ എന്തോ ബാക്കി ഇരിക്കുന്നു. ഇത് എന്താണെന്ന് കണ്ടപ്പോള്‍  'ദുരവസ്ഥ' പറഞ്ഞത് വളരെ  'കറക്റ്റ്' ആണെന്ന് എനിക്ക് 'അഗ്രീ' ചെയ്യേണ്ടി വന്നു. കാരണം ബാക്കി വന്നത് 'ചാട്ട് മസാല' ആയിരുന്നു....! ഈ ചാട്ട് മസാല ആണ് ആലൂചാട്ടിന്‍റെ പ്രധാന ചേരുവ...! നോം ഈ ചാട്ട് മസാല ചേര്‍ക്കാതെയാണ് ആലൂചാട്ട് ഉണ്ടാക്കി 'ദുരവസ്ഥയെ' തീറ്റിച്ചത്....!

വെറുതെയല്ല 'ദുരവസ്ഥ' ഇത്രയധികം വയലന്‍റ് ആയത് എന്ന 'അഗ്ലി ട്രൂത്ത്' നോം മനസ്സിലാക്കി.. ('ആലൂചാട്ട്' ഉണ്ടാക്കുന്നതിലും ഭേദം ഇവന് ആലിന്‍റെ  മുകളില്‍ നിന്നും ചാടുന്നതാണ് നല്ലത് എന്ന് ഇപ്പോള്‍
നിങ്ങള്‍ക്കും മനസിലായിക്കാണുമല്ലോ.. )

പിന്നെ ആരും കാണാതെ നോം 'ആലും, ചാട്ടും, ആന്‍ഡ്‌ മസാലയും' എടുത്ത് കളഞ്ഞു. എന്‍റെ ഫുഡിന്‍റെ  ടേസ്റ്റ് വയറിന് ഇഷ്ടപ്പെട്ടത് കൊണ്ടാവാം, 'ദുരവസ്ഥ', "പോട്ടെ ധൃതിയുണ്ട്" എന്ന് പറഞ്ഞു വയറും തിരുമ്മി വേഗം സ്ഥലം കാലിയാക്കി. ആ പോക്ക് കണ്ടു എനിക്ക് 'ദുരവസ്ഥയോട്'  "ലേലു അല്ലു" എന്ന് പറഞ്ഞ് ഒരു ഓ.ആര്‍.എസ്. വാങ്ങി കൊടുക്കണം എന്ന് ഉണ്ടായിരുന്നു.. പക്ഷെ അതിനു ഒരു ഗ്യാപ്പ് പുള്ളിക്കാരന്‍ തരണ്ടേ..? അത്ര വേഗത്തിലാണ് 'ദുരവസ്ഥ' അന്ന് ഓടി രക്ഷപെട്ടത്....! (ഹേ.. രക്ഷപെട്ടു കാണും, പിറ്റേന്ന് പത്രത്തില്‍ ന്യൂസ്‌ ഒന്നും നോം കണ്ടില്ല..:-)

Wednesday, 30 March 2011

ഒരു മൂസക്കഥ


ദിലീപിന്‍റെ സി.ഐ.ഡി മൂസയാണ് നോം  തീയറ്ററില്‍  ആദ്യം കണ്ട സിനിമ.  അക്കാലത്ത് വീട്ടില്‍ ഞാനും വാശി പിടിച്ചു പറഞ്ഞു "ഡിയര്‍  മോംസ്, എനിക്കും ആ സിനിമ കാണണം". വീട്ടുകാര്‍ ഒന്നിച്ചു സിനിമയ്ക്ക് പോകുന്ന 'ഹാബിറ്റ്‌'  ഞങ്ങളുടെ ഫാമിലിയില്‍ ഉണ്ടായിരുന്നില്ല. ആ ബില്‍ ഒരിക്കലും അപ്പന്‍ കോടതി പാസ്സാക്കുകയില്ല. കാരണം അപ്പന്‍ വീട്ടില്‍ വന്നാല്‍ തന്നെ ഒരു നല്ല ഹോറര്‍ പടം പോലെയാണ്. അപ്പനയത് കൊണ്ട് പറയുകയല്ല, 'നല്ല ശാന്ത സ്വഭാവക്കാരനാണ്'.. സംസാരിച്ചു കൊണ്ടിരിക്കുന്ന ഫോണ്‍ വലിച്ചെറിയുന്ന തരം ശാന്ത, സുന്ദരമാണ് ആ പിഞ്ചു മനസ്.
സൊ മൈന്‍ഡ് ഇറ്റ്‌.. :)

ഹവെവര്‍, അങ്ങോര്‍ ഗള്‍ഫില്‍ ആയതുകൊണ്ട് മോംസ് മൂവി കാണാന്‍ സമ്മതിച്ചു. ഒരു കിലോമീറ്റര്‍  മാറി 'പ്രശാന്ത്‌' എന്ന്  പേരുള്ള ഒരു തീയറ്ററില്‍  മൂസയാണ്  ഓടുന്നത്. മൂട്ടകള്‍ പോലും 'കഷ്ടം' / 'വെരി പുവര്‍' എന്ന് പറഞ്ഞ് ഉപേക്ഷിച്ചതാണ് ഈ തീയറ്റര്‍.

 എങ്കിലും കയ്യില്‍ 'ക്യാഷ്' കുറവായതുകൊണ്ട് നോം അവിടെത്തന്നെ
പടം കാണാന്‍ 'ഡിസൈഡ്' ചെയ്തു.   ഞാന്‍ പെട്ടെന്ന് എന്‍റെ ഉപ്പാപ്പന്‍റെ മോന്‍ ജെറിനെ വിളിച്ച് ഈ ഹാപ്പി കാര്യം അറിയിച്ചു. മോങ്ങാനിരുന്ന നായുടെ തലയില്‍ തേങ്ങ വീണെന്ന് പറയും പോലെ എന്നോട് പതിയെ മൊഴിഞ്ഞു "ചാച്ചാ, ഞാനും വരുന്നു". ഒരു കമ്പനിയാവട്ടെ എന്ന് കരുതി ഞാനും  "ചലോ പ്രശാന്ത്‌ തീയറ്റര്‍" എന്ന് റിപ്ലയ് പറഞ്ഞു.

അങ്ങനെ ഞങ്ങള്‍ സണ്‍‌ഡേ കുര്‍ബാനയ്ക്ക് ശേഷം വൈകിട്ട് 'ദി ഗ്രേറ്റ്‌ പ്രശാന്ത്' തീയറ്ററില്‍ ചെന്നു. തീയറ്ററിന്‍റെ പുറത്തെ പെയിന്‍റങ്ഉം, സെറ്റ്പും കണ്ടപ്പോഴേ ഞാന്‍ ചിന്തിച്ചു "പുറത്തു ഇതാണെങ്ങില്‍ ഇനി അകത്തെ കാര്യം പറയണോ"..? ശേഷം എന്തായാലും സ്ക്രീനില്‍ കാണാം"..

അങ്ങനെ ഞങ്ങള്‍ ടിക്കറ്റ്‌ എടുത്തു. ടിക്കറ്റ്‌ കിട്ടിയതും, ജെറിന്‍ ഒരു സൂപ്പര്‍സോണിക്ക് വിമാനത്തിന്‍റെ സ്പീഡില്‍  തീയറ്റര്‍ വാതിലിന്‍റെ അടുത്തേക്ക് പാഞ്ഞു. ശബ്ദത്തേക്കാള്‍ വേഗത്തിലുള്ള സൂപ്പര്‍സോണിക്ക് സ്പീഡായിരുന്നതുകൊണ്ട് ഇവന്‍ പറഞ്ഞത് പോലും ഞാന്‍ ഇവന്‍ പോയിക്കഴിഞ്ഞാണ് കേട്ടത്.  "ചാച്ചാ വേഗം വാ"...!

ഞാന്‍ ചെന്നപ്പോഴേക്കും പകുതിയിലധികം ഭാരതീയരും നമ്മുടെ
ജെറിന്‍റെ ഒപ്പം തീയറ്ററില്‍ കയറി സീറ്റ് പിടിച്ചിരുന്നു.

പെട്ടെന്ന് ഞാന്‍ ഒന്ന് ഞെട്ടി. കാരണം മറ്റൊന്നുമല്ല, എല്ലാവരും ഇരുന്നു കഴിഞ്ഞു, എന്നാല്‍ സീറ്റ് ഇഷ്ടം പോലെ ബാക്കി. പക്ഷെ, എല്ലാം ഓടിഞ്ഞാണ് ഇരിക്കുന്നത്. എന്നു വച്ചാല്‍ തീയറ്റ‍റിലെ സീറ്റുകള്‍ ആരും
ഇരുന്നില്ലെങ്കില്‍ ഓട്ടോമാറ്റിക്കായി മടങ്ങും.  ഇതറിയാത്ത എന്നെ പോലെ ആദ്യമായി തീയറ്ററില്‍ കയറുന്ന 'പുവര്‍ ഇന്ത്യന്‍സ്'  ഇത് ഒടിഞ്ഞതാണെന്ന് കരുതുകയുള്ളു..!

ഞാന്‍ നോക്കിയപ്പോള്‍ എല്ലാ ഒടിയാത്ത സീറ്റിലും ആളുകള്‍ ഫുള്‍...!പിന്നെ ഞാന്‍ ഒടിയാത്ത സീറ്റുകള്‍ നോക്കി നടക്കാന്‍ തുടങ്ങി..  ഒന്ന് പോലും ബാക്കി ഇല്ല.. ദൈവമേ ഇത് എന്ത് പരീക്ഷണം..?

അപ്പോള്‍ നമ്മുടെ 'മഹാനായ ജെറിന്‍' എന്നെ വിളിച്ചു. "ചാച്ചാ, ഇവിടെ വാ, ഇവിടെ സീറ്റുണ്ട്" എന്നു പറഞ്ഞു അവന്‍ അവന്‍റെ തൊട്ടടുത്ത സീറ്റ് നിവര്‍ത്തി. അപ്പോളല്ലേ എനിക്ക് ഈ ട്രിക്ക് മനസ്സിലായത്...! പിന്നെ നോം ഈ അബദ്ധം പുറത്തു കാണിക്കാതെ അവിടെ ഇരുന്നു. 'ജെറിന്‍ മഹാന്' ഇത് ഒന്നും മനസിലായില്ല..

ഹോ.. അന്ന് അവന്‍ കൂടെ ഇല്ലാരുനെങ്കില്‍, ഞാന്‍ ചിലപ്പോള്‍ തറയിലിരുന്നു സി.ഐ.ഡി മൂസ കണ്ടെനേം...! പിന്നെ നോം ഇത് ആരോടും പറയാന്‍ നിന്നില്ല.. ഇനി ഇത് വായിച്ചിട്ട് വേണം 'ജെറിന്‍ മഹാന്‍' പോലും ഇത് അറിയാന്‍...!